
കൊച്ചി: ബിസിനസ് ആവശ്യത്തിനെന്നും പിതാവിന്റെ ചികിത്സയ്ക്കെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് സുഹൃത്തായ യുവതിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ഷാലുവിനെയാണ് (35) കാലടി പോലീസ് വലയിലാക്കിയത്.
യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന് സുഖമില്ലെന്നും ഓപ്പറേഷൻ വേണമെന്നും, പ്ലൈവുഡ് ബിസിനസ് തുടങ്ങണമെന്നും മറ്റും കളവു പറഞ്ഞ് പല തവണകളായി 60 പവൻ്റെ സ്വർണാഭരണങ്ങളും, 12 ലക്ഷത്തോളം രൂപയും തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയെടുക്കുകയായിരുന്നു. സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയും ചെയ്തു .ഈ പണം ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കാലടി എസ്എച്ച്ഒ ആർത്ഥി, ഇൻസ്പെക്ടർ ജയപ്രദീപ്. എസ്ഐമാരായ നജീബ് ,അജ്മൽ, എഎസ്ഐ ജിൻസൺ സി പി ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.