ജോലിക്കായി പോയി, മടങ്ങി വന്നില്ല….. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ…. മൃതദേഹം പമ്പയാറ്റിൽ…


ആലപ്പുഴ: ചെട്ടികുളങ്ങരയിൽ നിന്നും അഞ്ച് ദിവസം മുൻപ് കാണാതായ യുവതിയെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പമ്പയാറ്റിലെ പുളിക്കീഴ് ഭാഗത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ധന്യ. ഏപ്രിൽ 26-ന് വൈകീട്ട് ഡ്യൂട്ടിക്കായി തിരുവല്ലയിലേക്ക് പോയ ധന്യ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം മാവേലിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. ധന്യയുടെ ഭർത്താവിന്റെ മൊഴിയെടുത്ത പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പമ്പയാറ്റിലേക്ക് നീണ്ടത്. പോലീസും ഫയർഫോഴ്സും പമ്പയാറ്റിൽ നടത്തിയ സംയുക്ത തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം അഴുകിയ നിലയിലായതിനാൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. അഞ്ചാം നാൾ ധന്യയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

أحدث أقدم