മലപ്പുറം കണ്ണമംഗലത്ത് ജപ്പാൻ മസ്തിഷ്‌കജ്വരം….. രണ്ട് പേർക്ക് രോഗബാധ, ആരോഗ്യവകുപ്പ് ജാഗ്രതയിൽ


മലപ്പുറം: ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് അസുഖം ബാധിച്ചു. രോഗം കൊതുകിലൂടെ പകരുന്നതായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണ സമിതിയും പ്രതിരോധ നടപടികൾ സ്വീകരിച്ചു. വീടിന്റെ അര കിലോമീറ്റർ ചുറ്റളവിൽ പനി സർവേ പൂർത്തിയാക്കി. കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുകയും പ്രദേശത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുകയും ചെയ്തു. കക്കൂസ് സ്ലാബുകൾക്ക് വിടവില്ലെന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പിൽ കൊതുക് വല (നെറ്റ്) സ്ഥാപിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. വാർഡ് മെമ്പർമാരായ കെ.ടി. കുഞ്ഞാലസൻ, കെ. അബ്ദുറഹ്‌മാൻ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ അതുൽ ദേവ്, വാളക്കുട സബ് സെന്ററിലെ ആശാ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൊതുകുകൾ പെരുകുന്ന രീതിയിൽ തോട്ടശ്ശേരിയറ ജുമാ മസ്ജിദിനു പിറകിലായി വലിയൊരു കുളമുള്ളത് പ്രദേശവാസികളിൽ ആശങ്ക പരത്തുന്നു. കുളത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിൽക്കുന്നതിനാൽ ഇത് വൃത്തിയാക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കൊതുകുജന്യ രോഗമായ വെസ്റ്റ് നൈൽ ബാധിച്ച് 24 വയസ്സുള്ള യുവതി ഈ പ്രദേശത്ത് മരണപ്പെട്ടിരുന്നു. ഈ മരണമുണ്ടായ സ്ഥലത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാർഡ് മെമ്പർ നെടുമ്പള്ളി സൈതലവി, പബ്ലിക് ഹെൽത്ത് നഴ്സ് പി.എം. മിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. രഞ്ജു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ബിൽഹാറാണി എന്നിവരും ആശാ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

أحدث أقدم