നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി കമ്മിറ്റികളിൽ നിന്ന് കടുത്ത വിമർശനമുയരുന്ന പശ്ചാത്തലത്തിൽ, നിർണായക പ്രതികരണവുമായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി രംഗത്തെത്തി. തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നാണ് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീമതി വ്യക്തമാക്കിയത്.

ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ല പാർട്ടിയുടെ രീതിയെന്നും, പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തലുകൾ ആവശ്യപ്പെടുമ്പോൾ അത് അംഗീകരിക്കുകയെന്നതാണ് പ്രധാനമെന്നും അവർ ഓർമ്മിപ്പിച്ചു. എന്നാൽ, പിണറായി വിജയൻ ശൈലി തിരുത്തണം എന്നാണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്ത്രപരമായ മറുപടിയാണ് പി.കെ ശ്രീമതി നൽകിയത്. ‘പിണറായി തിരുത്തണം എന്ന് പറയാന്‍ ഞാന്‍ ആളല്ല. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ മാത്രം തിരുത്താന്‍ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തല്‍ നിര്‍ദേശിക്കേണ്ടത്.’ – പി.കെ ശ്രീമതി പറഞ്ഞു.

കെ.കെ ശൈലജയെ തിരഞ്ഞെടുപ്പിൽ പാർട്ടി ഒതുക്കിയെന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാനരഹിതമാണെന്ന് പി.കെ ശ്രീമതി പറഞ്ഞു. ശൈലജയെ ചാവേർ ആക്കിയതല്ലെന്നും സഖാക്കൾ കാര്യങ്ങൾ വസ്തുതാപരമായി മനസിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം പരിഗണനയിൽ വന്നത്. എന്നാൽ മണ്ഡലം പിടിച്ചെടുക്കുക എന്ന ആത്യന്തിക ലക്ഷ്യം മുൻനിർത്തിയാണ് അവിടെ ശൈലജയെ മത്സരിപ്പിച്ചത്. പാർട്ടി ശൈലജയെ ഒതുക്കി എന്ന പ്രചാരണം തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് കഴിഞ്ഞ ദിവസം പി.കെ ശ്രീമതി തുറന്നുപറഞ്ഞിരുന്നു. തോല്‍വിയെക്കുറിച്ച് പാർട്ടി ആഴത്തിൽ പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും അതിനാൽ തോല്‍വിയുടെ ഉത്തരവാദിത്വം ഒരു വ്യക്തിയുടെ മാത്രം മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നുമുള്ള മുൻ നിലപാട് അവർ ആവർത്തിച്ചു. എങ്കിലും, പിണറായി വിജയന്റെ ഏകപക്ഷീയ ശൈലിക്കെതിരെ പാർട്ടിയിൽ പുകയുന്ന അമർഷത്തിന് അടിവരയിടുന്നതാണ് ശ്രീമതിയുടെ പുതിയ ‘തിരുത്തൽ’ പരാമർശം.