സ്ട്രോങ്ങ് റൂം ആരോപണം അടിസ്ഥാനരഹിതം…. ക്രമക്കേടില്ലെന്ന് ജില്ലാ കളക്ടർ


കോഴിക്കോട്: പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ജില്ലയിൽ ഒരു തരത്തിലുള്ള ചട്ടലംഘനവും നടന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ അറിയിച്ചു.

കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയത് പതിവ് പരിശോധനയുടെ ഭാഗമായാണ്. സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും തുറന്നത് മെറ്റീരിയൽ റൂമുകൾ മാത്രമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരികളെ മാറ്റില്ലെന്നും അവർക്കെതിരെ മറ്റ് അച്ചടക്ക നടപടികളുണ്ടാകില്ലെന്നും കളക്ടർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന യുഡിഎഫിന്റെ ആരോപണം തള്ളിയ കളക്ടർ, ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്ന് ഉറപ്പുനൽകിവോട്ടെണ്ണൽ ദിനമായ മെയ് 4-ന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ അതിരുവിടാതിരിക്കാനും ക്രമസമാധാന നില ഉറപ്പുവരുത്താനുമാണ് നടപടിയെന്നും കളക്ടർ കൂട്ടിച്ചേർത്തു. യുഡിഎഫിനെ അറിയിക്കാതെ സ്ട്രോങ്ങ് റൂമുകൾ തുറന്നു എന്നും വരണാധികാരികൾ ഇടപെട്ടു എന്നും ആരോപിച്ച് കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കളക്ടറുടെയും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

أحدث أقدم