സാങ്കേതിക പ്രശ്നം, സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി


സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ തീയതി നീട്ടി നിശ്ചയിച്ചതെന്ന് സി ബി എസ് ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സി ബി എസ് ഇ വ്യക്തമാക്കി. അതേസമയം സി ബി എസ് ഇ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. OSM സംവിധാനം നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച്ചയിലാണ് നടപടി. പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യം വിദ്യാർത്ഥികൾ ശക്തമാക്കുകയാണ്. ഇതിനിടെ OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി ബി എസ് ഇ അധികൃതർ നിർദ്ദേശം നൽകിയതിൽ വിമർശനം ശക്തമായിട്ടുണ്ട്.

Previous Post Next Post