കായംകുളം: വധശ്രമവും ബോംബേറും ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ സ്ഥിരം പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉനൈസിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് സ്വദേശിയായ ഉനൈസിനെ (28) കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) പ്രകാരം ആറ് മാസത്തേക്കാണ് കരുതൽ തടങ്കലിലാക്കിയത്. കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വധശ്രമക്കേസുകളിൽ ഇയാൾ പ്രതിയാണ്. സ്ഥാപനങ്ങൾക്ക് നേരെ സ്‌ഫോടകവസ്തുക്കൾ വലിച്ചെറിഞ്ഞ സംഭവങ്ങളിലും നരഹത്യാശ്രമങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.

തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ജനങ്ങളുടെ സമാധാനജീവിതത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തതിനെത്തുടർന്നാണ് കാപ്പ ചുമത്തിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും കുപ്രസിദ്ധ കുറ്റവാളികൾക്കെതിരെ ശക്തമായ കാപ്പ നടപടികൾ തുടരുമെന്ന് കായംകുളം പൊലീസ് വ്യക്തമാക്കി.