
കൊച്ചി: കേരളത്തിൽ കോൺഗ്രസ് നേടിയ ചരിത്ര വിജയത്തിൽ കെ.സി. വേണുഗോപാൽ വഹിച്ച പങ്ക് നിർണ്ണായകമാണെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് കെ.സി. വേണുഗോപാലിന്റെ സംഘടനാ മികവിനെ ഉയർത്തിക്കാട്ടി അവർ നിലപാട് വ്യക്തമാക്കിയത്. കണ്ണൂരിലെയും ആലപ്പുഴയിലെയും യുഡിഎഫിന്റെ അപ്രതീക്ഷിത വിജയങ്ങൾക്ക് പിന്നിൽ കെ.സി. വേണുഗോപാലിന്റെ സുപ്രധാന നേതൃത്വമുണ്ട്. കണ്ണൂരിൽ നഷ്ടപ്പെട്ട രണ്ട് സീറ്റുകൾ തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന്റെ കൃത്യമായ ഇടപെടൽ സഹായിച്ചുവെന്ന് ദീപ്തി ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ അവരവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റി. സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകാൻ കെ.സിയുടെ നേതൃത്വത്തിന് സാധിച്ചു. കോൺഗ്രസിൽ ‘ഒരാൾ’ എന്ന രീതിയില്ലെന്നും പാർട്ടി കൂട്ടുത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ദീപ്തി പറഞ്ഞു. എഐസിസി ഓരോ നേതാക്കൾക്കും ഓരോ റോൾ നൽകിയിട്ടുണ്ട്, അത് കൃത്യമായി നിർവ്വഹിച്ചതിന്റെ ഫലമാണ് ഈ വിജയം. ദേശീയ തലത്തിൽ സുപ്രധാന ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ദീപ്തി മേരി വർഗീസിന്റെ ഈ പ്രസ്താവന