എറണാകുളം പാരിയത്തുകാവിൽ വൻ കുടിയൊഴിപ്പിക്കൽ നടപടി… സംഘർഷാവസ്ഥ, പ്രതിഷേധവുമായി നാട്ടുകാരും സിപിഐഎമ്മും


        

കൊച്ചി: എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ വൻ പോലീസ് സന്നാഹത്തോടെ കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചു. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് നിലവിൽ കുടിയൊഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. നടപടിയെ തുടർന്ന് പ്രദേശത്ത് നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി വൻ പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. റവന്യൂ അധികാരികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചു കഴിഞ്ഞു.

മുൻപും പലതവണ ഈ പ്രദേശത്ത് കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ എന്തുവന്നാലും കുടിയൊഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഭൂമിയിൽ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. കേസിൽ ഒടുവിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് എതിരായി കോടതി വിധി വരികയായിരുന്നു. എന്നാൽ തങ്ങൾ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നാണ് ഉന്നതിയിലെ കുടുംബങ്ങൾ വാദിക്കുന്നത്.

കുടിയൊഴിപ്പിക്കൽ തടയാൻ സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സമരപ്പന്തൽ കെട്ടി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സമരക്കാരുമായി പോലീസ് ചർച്ച നടത്തുകയാണ്. എങ്കിലും പ്രദേശത്ത് ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Previous Post Next Post