
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുസ്തകം പ്രഖ്യാപിച്ച് പി വി അൻവർ. ‘പിണറായിസത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ’ എന്ന പേരിലാണ് പുസ്തകം. ഉദ്വേഗജനകമായതും ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതുമായ സംഭവ പരമ്പരകളെ പുസ്തകമായി അവതരിപ്പിക്കാനുളള ശ്രമം പുനഃരാരംഭിച്ചിട്ടുണ്ടെന്നും അത് വൈകാതെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി വി അൻവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അൻവർ പുസ്തകം പ്രഖ്യാപിച്ചത്.
‘രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ അപചയം തുറന്നുകാണിച്ച് നമ്മൾ ഉയർത്തിയ വിഷയങ്ങൾ കേരളം ഏറ്റെടുക്കുകയായിരുന്നു. ഞാൻ ഉന്നയിച്ച ആരോപണങ്ങളിലെ സത്യം തിരിച്ചറിഞ്ഞ യഥാർത്ഥ സഖാക്കൾ അടക്കമുളള ജനങ്ങൾ ഒന്നിച്ച് യുഡിഎഫിന് വോട്ടുചെയ്തതിലൂടെ സംഭവിച്ച ചരിത്രപരമായ വിജയത്തിൽ നിർണായക പങ്ക് വഹിക്കാനായതിൽ എനിക്ക് അനൽപ്പമായ അഭിമാനമുണ്ട്. ഈ പോരാട്ടം ഞാൻ ആരംഭിച്ചിട്ട് ഒന്നര വർഷത്തിലേറേക്കാലം ഒരുനിമിഷം പോലും വിശ്രമിക്കാതെ സാധാരണക്കാരും തൊഴിലാളികളുമായ ജനങ്ങൾക്കായി പ്രവർത്തിച്ചു’-പി വി അൻവർ പറഞ്ഞു.ഈ കാലയളവിൽ ഇടതുപക്ഷ എംഎൽഎ എന്ന നിലയിലുളള രാജിയും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പും അതിനുശേഷം യുഡിഎഫ് അസോസിയേറ്റ് അംഗമായതും അടക്കം നിരവധി സംഭവവികാസങ്ങൾ ഉണ്ടായെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് അപ്പുറത്ത് ഈ ഘട്ടങ്ങളിൽ എല്ലാം ചെറുതും വലുതുമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പി വി അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പിണറായിസത്തിനെതിരായ പുസ്തകം എഴുതാനുളള ശ്രമം ആരംഭിച്ചിരുന്നെന്നും തിരക്കുകൾക്കിടയിൽ മാറ്റിവെച്ച ശ്രമം വീണ്ടും പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു