ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കപ്പലിലുണ്ടായിരുന്ന യുഎസ് പൗരൻമാരിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച യാത്രക്കാരുടെ എണ്ണം 9 ആയി. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ചാർട്ടേഡ് വിമാനങ്ങൾ അതത് രാജ്യങ്ങളിലേക്ക് എത്തിത്തുടങ്ങി. 20 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിമാനയാത്രയ്ക്കിടെ ഫ്രഞ്ച് യാത്രക്കാരിൽഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതായി ഫ്രാൻസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒഴിപ്പിക്കുന്ന എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റും. ഇവർക്ക് 72 മണിക്കൂർ ആശുപത്രി ഐസോലേഷനും ഏർപ്പെടുത്തും. ആശുപത്രി നിരീക്ഷണത്തിന് ശേഷം യാത്രക്കാർക്ക് 42 ദിവസത്തെ ഹോം ക്വാറന്റൈൻ വേണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. അതിനിടെ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ നെതർലാൻഡ്സിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്നും മാഡ്രിഡിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.