ചാത്തന്നൂരിൽ ലഹരിവേട്ടക്കിടെ പൊലീസിനെ കാറിടിച്ച് വീഴ്ത്തി… കാപ്പ കേസ് പ്രതി പിടിയിൽ




കൊല്ലം: ചാത്തന്നൂരിൽ ലഹരിമരുന്ന് സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഡാൻസാഫ് ടീമിലെ സിവിൽ പൊലീസ് ഓഫീസർ ഷഫീക്കിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കാപ്പ കേസ് പ്രതിയായ സനൂജിനെ പൊലീസ് സാഹസികമായി പിടികൂടി. ഇയാളിൽ നിന്ന് 9.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.

ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയതായിരുന്നു ഡാൻസാഫ് സംഘം. പ്രതി സനൂജ് എത്തിയ കാർ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ വാഹനം നിർത്താതെ പോയി. തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഷഫീക്കിനെ പ്രതി കാർ കൊണ്ട് ഇടിച്ചു തെറിപ്പിക്കുക യായിരുന്നു. വീഴ്ചയിൽ ഷഫീക്കിന്റെ കൈയ്ക്ക് പരിക്കേറ്റു.

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് സനൂജിനെ വളഞ്ഞു പിടികൂടുകയായി രുന്നു. കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള സനൂജ് പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കും. പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ ഷഫീക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിനും ലഹരിമരുന്ന് കടത്തിനും പ്രതിക്കെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു.
Previous Post Next Post