കറുകച്ചാൽ സബ് ഇൻസ്പെക്ടറെ മർദ്ദിച്ച കേസിൽ യുവതിയടക്കം നാല് പേർ പോലീസ് പിടിയിൽ




​കറുകച്ചാൽ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കറുകച്ചാൽ പോലീസ് സബ് ഇൻസ്പെക്ടറെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ യുവതിയടക്കം നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിനിയായ ജുമി, സുഹൃത്തുക്കളായ ആസിഫ്, സൽമാൻ, ഷിയാസ് എന്നിവർക്കെതിരെയാണ്  കേസെടുത്തത്.

:
മെയ് 3-ന് പുലർച്ചെ ഒരു മണിയോടെ കറുകച്ചാൽ നെത്തല്ലൂർ ഭാഗത്താണ് സംഭവം നടന്നത്. നെത്തല്ലൂർ സ്വദേശി വിമലചന്ദ്രന്റെ വീട്ടിൽ ഒരു സ്ത്രീ ഓടിക്കയറി 'തന്നെ ആരോ കൊല്ലാൻ വരുന്നു' എന്ന് പറഞ്ഞ് ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നൈറ്റ് പട്രോളിംഗിലായിരുന്ന സബ് ഇൻസ്പെക്ടർ ജോൺസൺ ആന്റണിയും സംഘവും സ്ഥലത്തെത്തി.
​മദ്യലഹരിയിലായിരുന്ന യുവതിയെ സ്ഥലത്ത് കണ്ടെത്തിയ എസ്.ഐ കാര്യങ്ങൾ തിരക്കുകയും അവിടെ നിന്നും മാറിപ്പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പ്രകോപിതയായ യുവതി എസ്.ഐയെ അസഭ്യം വിളിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ എസ്.ഐയുടെ കണ്ണട തെറിച്ചുപോയി. തുടർന്ന് പ്രതി അവിടെ നിന്നും ഓടി മെയിൻ റോഡിൽ നിർത്തിയിട്ടിരുന്ന KL-04-AM-5550 നമ്പർ നിസ്സാൻ മൈക്ര കാറിൽ കയറി രക്ഷപെടാൻ ശ്രമിച്ചു.
​കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ കാർ തടയുകയും പരിശോധിച്ചപ്പോൾ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളും മദ്യപിച്ച നിലയിലായിരുന്നു. പോലീസിനെ തള്ളിമാറ്റി ബലപ്രയോഗത്തിലൂടെ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ജില്ലാ നൈറ്റ് പട്രോളിംഗ് ഓഫീസറായ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബിജു കെ.ആർ, ചിങ്ങവനം എസ്.ഐ നാദിർഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് നിയന്ത്രിച്ചത്. വനിതാ പോലീസിന്റെ സഹായത്തോടെ യുവതിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു.
أحدث أقدم