മുഖ്യമന്ത്രി വി. ഡി. സതീശനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്… പ്രിൻസിപ്പലിന്റെ സസ്‌പെൻഷനിൽ കടുപ്പിച്ച് കെഎസ്ടിഎ….. ആ പോസ്റ്റർ അധ്യാപകർ കൂട്ടത്തോടെ പങ്കുവെക്കും


        

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) രംഗത്ത്. സസ്‌പെൻഷന് കാരണമായ അതേ ഫേസ്ബുക്ക് പോസ്റ്റർ അധ്യാപകർ പരസ്യമായി ഷെയർ ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് സംഘടന പ്രതിഷേധം ശക്തമാക്കുന്നത്.


‘മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ് വരും ദിവസങ്ങളിൽ അധ്യാപകർ വ്യാപകമായി പങ്കുവെക്കുമെന്ന് സംഘടന അറിയിച്ചു. സസ്‌പെൻഷനിലായ പ്രിൻസിപ്പലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പോസ്റ്റർ പ്രദർശനവും ശക്തമായ ക്യാമ്പെയ്നും നടത്താനാണ് കെഎസ്ടിഎയുടെ തീരുമാനം. ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്. മെയ് 31, നാളെ സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിക്കാൻ ഇരിക്കെയാണ് പ്രിൻസിപ്പലിനെതിരെ അടിയന്തര നടപടിയുണ്ടായത്.

മുഖ്യമന്ത്രി വി. ഡി. സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കാണിച്ച് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ അധ്യാപകനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ അച്ചടക്ക നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് കൃത്യമായ ചട്ടലംഘനമാണെന്നും അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ സർക്കാരിന്റെ ഈ നടപടിയെ രാഷ്ട്രീയ പ്രേരിതമായി നേരിടാനാണ് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ നീക്കം.


Previous Post Next Post