
ഹൈദരാബാദ്: യുവ തെലുങ്ക് നടനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത് കാന്ത് (31) കാറപകടത്തിൽ അന്തരിച്ചു. ഹൈദരാബാദ് ഔട്ടർ റിങ് റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഭരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും മരണപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അമിതവേഗതയിൽ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരുടെയും ജീവൻ നഷ്ടമായി. ‘ടെനന്റ്’ (Tenant), ‘ഗ്രാമം’ തുടങ്ങിയ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളിലും നിരവധി വെബ് സീരീസുകളിലും ഭരത് അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായിരുന്ന അദ്ദേഹം മികച്ച ഒരു ഇൻഫ്ലുവൻസർ കൂടിയായിരുന്നു. മരണത്തിന് തൊട്ടുമുൻപ് ഭരത് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുകയാണ്. ബാങ്കോക്കിലെ ഒരു മാളിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം “നീ എത്ര സുന്ദരിയാണ്” എന്നർത്ഥം വരുന്ന തമിഴ് വരികളാണ് (നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്) അദ്ദേഹം കുറിച്ചിരുന്നത്.
ഇൻസ്റ്റഗ്രാമിൽ 40,000-ത്തോളം ഫോളോവേഴ്‌സുള്ള ഭരതിന്റെ അപ്രതീക്ഷിത വിയോഗം തെലുങ്ക് സിനിമാ മേഖലയ്ക്ക് വലിയൊരു നഷ്ടമാണ്. സഹപ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രിയ താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.