പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്…. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമൽ പിടിയിൽ



        

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ പൊലീസിന്റെ പിടിയിലായി. പുലർച്ചെ വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 26 ആയി ഉയർന്നു.


അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ വിജയ് വിമൽ, മുൻ കേരള സർവകലാശാല യൂണിയൻ ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. അതേസമയം, ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ചും ശക്തമായ പ്രതിരോധവും തീർക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം അതീവ ഗുരുതരവും രാഷ്ട്രീയ ആസൂത്രണത്തോടെയുള്ളതുമാണെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസിൽ ആദ്യഘട്ടത്തിൽ അറസ്റ്റിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നീ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

അറസ്റ്റിലായ വിജയ് വിമൽ അക്രമ സംഭവങ്ങളിൽ യാതൊരു രീതിയിലും പങ്കാളിയായിരുന്നില്ലെന്നാണ് എസ്.എഫ്.ഐയുടെ ഔദ്യോഗിക നിലപാട്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളെ ബോധപൂർവ്വം ജയിലിലടയ്ക്കാനുള്ള രാഷ്ട്രീയ നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് സംഘടന ആരോപിച്ചു. വിജയ് വിമലിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും എസ്.എഫ്.ഐ നേതൃത്വം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തലസ്ഥാനത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.


Previous Post Next Post