
കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ കാരണം വ്യക്തമാക്കാത്തതിന്റെ പേരിൽ വിവാഹമോചനം നിഷേധിക്കരുതെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി (KCBC) പ്രോലൈഫ് സമിതി രംഗത്ത്. വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം കുടുംബബന്ധങ്ങളുടെ സുരക്ഷയും പരിഗണിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വിവാഹമോചന ഹർജികളുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സമീപകാല വിധി കുടുംബ ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
വ്യക്തികളുടെ അവകാശങ്ങൾക്കപ്പുറം കുടുംബത്തിന്റെ കെട്ടുറപ്പും കുട്ടികളുടെ സുരക്ഷയും കോടതികൾ പരിഗണിക്കേണ്ടതുണ്ട്. വിവാഹമോചന കേസുകളിൽ മാതാപിതാക്കൾ വേർപിരിയുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങൾ വിസ്മരിക്കപ്പെടരുത്. കാരണം വ്യക്തമാക്കാതെ വിവാഹമോചനം അനുവദിക്കുന്നത് വിവാഹമെന്ന പവിത്രമായ ഉടമ്പടിയെ ലഘൂകരിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, ജോൺസൺ ചൂരെപ്പറമ്പിൽ, ജെയിംസ് ആഴ്ചങ്ങാടൻ തുടങ്ങിയ സമിതി നേതാക്കൾ ഈ വിഷയത്തിൽ സംയുക്തമായി പ്രതികരിച്ചു. സാമൂഹിക ബോധവും ധാർമ്മിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന നിയമനിർമ്മാണങ്ങളും കോടതി ഇടപെടലുകളുമാണ് ആവശ്യമെന്ന് സമിതി വ്യക്തമാക്കി.