യുകെയിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു; സംഭവം ജോലിക്കിടെ അസ്വസ്ഥത തോന്നി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവെ



ലണ്ടൻ/ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി അജയ് പോൾ വർഗീസ് (41) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്‌ഥത തോന്നി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് കുഴഞ്ഞുവീണത്.
നോട്ടിങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിലെ ജീവനക്കാരനായ അജയ് പോൾ വർഗീസിന് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ ഇന്ന് രാവിലെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വീട്ടിലേക്ക് മടങ്ങുവാൻ പാർക്കിങ്ങിലേക്ക് എത്തുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റയ്ക്ക് മടങ്ങാതെ ഇരിക്കുവാൻ സഹപ്രവർത്തകർ ഭാര്യയെയും ജോലി സ്‌ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022 ലാണ് അജയ് പോൾ വർഗീസ് യുകെയിൽ കുടുംബമായി എത്തുന്നത്. ഭാര്യ: ശ്യാമ അജയ് (നഴ്സ്, ക്യൂൻസ് മെഡിക്കൽ സെന്റർ, നോട്ടിങ്ങാം). ഏക മകൾ: അയാൻ എൽസ പോൾ (9 വയസ്സ്). തിരുവല്ല വളഞ്ഞവട്ടം പുത്തൻവിളയിൽ പി. റ്റി. തങ്കച്ചൻ - റാഹേൽ ദമ്പതികളുടെ ഏക മകനാണ്

യുകെയിൽ ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമായ അജയ് പോൾ വർഗീസ് മദ്ബഹാ ശുശ്രൂഷകനും സൺഡേ സ്‌കൂൾ അധ്യാപകനുമായിരുന്നു. വളഞ്ഞവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. പൊതുദർശനവും സംസ്കാരവും സംബന്ധിച്ച
വിവരങ്ങൾ പിന്നീട് അറിയിക്കും.

Previous Post Next Post