ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6,500 ടണ്‍ പടക്കോപ്പുകളാണ് യുഎസ് ഇസ്രയേലിലെത്തിച്ചത്. രണ്ട് ഭീമൻ ചരക്കുകപ്പലുകളിലും നിരവധി വിമാനങ്ങളിലുമായി എത്തിയ ഈ ആയുധങ്ങള്‍ ഇറാനെതിരായ ശക്തമായ സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ ഏകദേശം 1.15 ലക്ഷം ടണ്‍ ആയുധങ്ങള്‍ അമേരിക്ക ഇസ്രയേലിന് കൈമാറിക്കഴിഞ്ഞു.
ഇറാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാൻ പാകത്തില്‍ ‘ചെറുതും എന്നാല്‍ ശക്തവുമായ’ ആക്രമണം നടത്താനാണ് യുഎസ് സെൻട്രല്‍ കമാൻഡ് ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നേരിട്ടുള്ള കരയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അത് മേഖലയില്‍ വൻ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സൈനിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഇറാൻ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമാധാന ചർച്ചകളുടെ മറവില്‍ ആക്രമണം നടത്തുന്ന അമേരിക്കയെ വിശ്വസിക്കാനാവില്ലെന്നും ഇനിയൊരു പ്രകോപനമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
അറുപത് ദിവസത്തിലേറെയായി തുടരുന്ന സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഇറാനുമായി നേരിട്ട് യുദ്ധത്തിലല്ലെന്ന് വാഷിംഗ്ടണ്‍ അവകാശപ്പെടുമ്പോഴും ഇസ്രയേലിലേക്കുള്ള വൻതോതിലുള്ള ആയുധ പ്രവാഹം ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്.