എൽഡിഎഫ് സർക്കാർ ഒപ്പുവച്ച ‘പിഎം ശ്രീ പദ്ധതി’ നടപ്പാക്കുമോ യുഡിഎഫ് സർക്കാർ? സമ്മർദ്ദം ശക്തമാക്കി കേന്ദ്രം





ന്യൂഡൽഹി : സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ച പശ്ചാത്തലത്തിൽ, വിവാദമായ പി.എം. ശ്രീ (PM-SHRI) സ്കൂൾ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. എൽ.ഡി.എഫ്. സർക്കാർ പി.എം.-ശ്രീ നടപ്പാക്കാനുള്ള കരാർ ഒപ്പിട്ടതിനാൽ, സ്കൂളുകൾ തുടങ്ങുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുനീങ്ങാൻ കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതോടെ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ പുതിയ സർക്കാർ അടിയന്തരമായി നയപരമായ തീരുമാനമെടുക്കേണ്ടി വരും.

മന്ത്രിസഭയെ മറികടന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പി.എം.-ശ്രീയിൽ ഒപ്പിട്ടത് കഴിഞ്ഞവർഷം വിവാദമായിരുന്നു. പ്രശ്നത്തിൽ സി.പി.ഐ. ഉടക്കിയതിനു പിന്നാലെ, പദ്ധതി മരവിപ്പിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിനു കത്തയച്ചു. സമവായമുണ്ടാക്കാൻ മന്ത്രിതല ഉപസമിതി രൂപവത്കരിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ മുന്നോട്ടുപോയില്ല. പദ്ധതിയിൽ ഒപ്പിടാതെ മാറിനിൽക്കുന്ന പശ്ചിമബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രം കത്തയച്ചു.

പി.എം.-ശ്രീ ഒപ്പിടാത്തതിന്റെപേരിൽ സമഗ്രശിക്ഷാ കേരള(എസ്.എസ്.കെ.) ത്തിനുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചി രുന്നു. ഈ തടസ്സം നീങ്ങാൻ കരാറിൽ ഒപ്പിട്ടെന്നായിരുന്നു ഇടതുസർക്കാരിന്റെ വാദം. കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പിട്ടതിനുപിന്നാലെ, 92.41 കോടി രൂപ നൽകിയതൊഴിച്ചാൽ കേന്ദ്രം പിന്നീടൊരു തുകയും അനുവദിച്ചില്ല.

2026-27 അധ്യയനവർഷം എസ്.എസ്.കെ.യ്ക്കുള്ള 440 കോടി രൂപയുടെ കേന്ദ്രവിഹിതം ലഭിക്കണമെങ്കിൽ, പി.എം.-ശ്രീ നടപ്പാക്കണമെന്നതാണ് യു.ഡി.എഫ്. സർക്കാരിനുമുന്നിലെ വെല്ലുവിളി. പദ്ധതി മരവിപ്പിക്കാൻ എൽ.ഡി.എഫ്. സർക്കാർ കത്തയച്ചെങ്കിലും ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ച് കേന്ദ്രം സമ്മതിച്ചെങ്കിലേ പിന്മാറാനാവൂ.
Previous Post Next Post