പ്രധാന വകുപ്പുകൾ മുന്നോക്കക്കാർക്കെന്ന് ആക്ഷേപം…. വകുപ്പ് വിഭജനത്തിൽ തർക്കം മുറുകുന്നു… വി.ഡി സതീശൻ സർക്കാരിന്റെ രണ്ടാം ദിനത്തിലും വിജ്ഞാപനമില്ല



        

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാതെ വി.ഡി സതീശൻ സർക്കാർ. പ്രധാന വകുപ്പുകൾ വിഭജിച്ചതിൽ മുന്നണിയിലും കോൺഗ്രസിനകത്തും കടുത്ത അതൃപ്തി പുകയുന്നതായാണ് സൂചനകൾ. പ്രധാന വകുപ്പുകളെല്ലാം മുന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ചെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വകുപ്പ് വിഭജന വിജ്ഞാപനം വൈകുന്നത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെങ്കിലും തർക്കങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ആരോഗ്യ വകുപ്പ് കെ. മുരളീധരന് നൽകാൻ തീരുമാനിച്ചതിലാണ് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ എ.പി അനിൽകുമാറിന് കടുത്ത അതൃപ്തിയുള്ളത്. മൂന്നാം തവണയും മന്ത്രിയാകുന്ന സീനിയർ നേതാവായിട്ടും അനിൽകുമാറിന് പ്രധാന വകുപ്പുകൾ നൽകിയില്ലെന്നാണ് ആക്ഷേപം. നിലവിൽ വൈദ്യുതി, കായികം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ നൽകി അനിൽകുമാറിനെ അനുനയിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെയും മുഖ്യമന്ത്രിയുടെയും നീക്കം. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ് പകരം ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ലീഗിന് ഫിഷറീസ് നൽകാൻ മുഖ്യമന്ത്രി തീരുമാനമെടുത്തതിന് പിന്നാലെ ലത്തീൻ കത്തോലിക്കാ സഭയിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നത്. ഇതാണ് വകുപ്പ് വിഭജനം പൂർത്തിയാക്കുന്നതിന് മുന്നിലുള്ള പ്രധാന തടസ്സമായി നിൽക്കുന്നത്.

മറുവശത്ത് ഘടകകക്ഷി നേതാവായ മാണി സി. കാപ്പനും കടുത്ത നിലപാടിലാണ്. മന്ത്രി പദവിക്ക് പകരം രണ്ടര വർഷം കാലാവധിയുള്ള മറ്റൊരു ഉന്നത പദവി വേണമെന്നാണ് കാപ്പന്റെ ആവശ്യം. കോൺഗ്രസിനകത്തെ ഗ്രൂപ്പ് സമവാക്യങ്ങളിലും പുതിയ മന്ത്രിസഭ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. തുറമുഖ വകുപ്പ് മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെ കൈവശം വെക്കുന്നതിനോട് കെ.സി വേണുഗോപാൽ പക്ഷത്തിന് കടുത്ത എതിർപ്പാണുള്ളത്.

അതേസമയം വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. ഘടകകക്ഷികളുമായുള്ള തർക്കം പരിഹരിക്കുമ്പോൾ പാർട്ടിക്കകത്ത് ചില പുനഃക്രമീകരണങ്ങൾ നടത്തേണ്ടി വരുമെന്നും, ഇന്ന് വൈകുന്നേരത്തോടെ തർക്കങ്ങൾ പരിഹരിച്ച് വിജ്ഞാപനം ഇറങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

أحدث أقدم