
പോലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ സ്വർണക്കടയിൽ എത്തി സ്വർണം വാങ്ങി പണം നൽകാതെ മുങ്ങിയ ആൾ പിടിയിലായി. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്. ഗോവയിൽ നിന്നാണ് ഇയാളെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ സ്വർണക്കടയിൽ സ്വയം പരിചയപ്പെടുത്തിയാണ് പ്രതി ജ്വല്ലറിയിൽ നിന്നും ആഭരങ്ങൾ വാങ്ങി പണം നൽകാതെ പോയത്. 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. ജ്വല്ലറി ജീവനക്കാർക്ക് സംശയം തോന്നാതെ ഇരിക്കാൻ സ്റ്റേഷനിലെ പോലീസുകാരുടെ പേരുവിവരങ്ങൾ പഠിച്ച ശേഷമായിരുന്നു പ്രതി സ്വർണക്കടയിൽ എത്തിയത്. പ്രതി സ്വർണഭരണങ്ങളുമായി പോയിട്ടും പണം കിട്ടാതെ വന്നതോടെ ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ആണ് നടന്നത് തട്ടിപ്പാണെന്ന് അറിയുന്നത്.