ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും


വയനാട് കാരാപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. ഡാമിലെ ജലനിരപ്പ് 757.10 എംഎസ് എല്ലിൽ എത്തിയ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 11 മണി മുതൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറക്കുമെന്നാണ് അറിയിപ്പ്. ഡാമിന്റെ മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 1.557 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. വരും ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ഇത്തരത്തിൽ നിയന്ത്രിതമായി വെള്ളം ഒഴുക്കിക്കളയുക.

കാലവർഷത്തിന് മുന്നോടിയായുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടപടി. കാലവർഷം ജൂൺ ആദ്യമേ തന്നെ ആരംഭിക്കുമെന്ന സൂചനയും മുൻവർഷങ്ങളിലെ കനത്ത മഴയും കണക്കിലെടുത്താണ്, ഡാമിലെ ജലനിരപ്പ് മുൻകൂട്ടി ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അനുമതി നൽകിയത്.ഡാമിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയുടെ ഇരുഭാഗങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുഴകളിൽ ഇറങ്ങാനോ, മുറിച്ചുകടക്കാനോ പാടില്ല. ഷട്ടറുകൾ തുറക്കുന്നതു കാണാൻ ആളുകൾ തടിച്ചുകൂടരുത്. പുഴകളിൽ മീൻപിടിക്കുന്നതിനും വിലക്കുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Previous Post Next Post