പീഡനക്കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ചു


        

മലപ്പുറം തിരൂരിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരനെ കടിച്ച് പരിക്കേൽപ്പിച്ചു. പീഡനക്കേസിലെ പ്രതി കൂട്ടായി പാണ്ടായി തലപ്പള്ളിവീട്ടിൽ ആഷിഖാണ് (24) പിടിയിലായത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

പാരിപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. സജീറിനാണ് ആക്രമണത്തിൽ കൈക്ക് പരിക്കേറ്റത്. പീഡനകേസിൽ ഒളിവിൽപ്പോയ പ്രതിയുടെ പേരിൽ കോടതി വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. തിരൂരിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരായ ജയേഷ്, സജീർ എന്നിവരടങ്ങുന്ന സംഘം തിരൂരിലെത്തുകയും തിരൂർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പരിക്കേറ്റ സജീർ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസുകാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് പ്രതിയുടെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.


أحدث أقدم