
ഓടുന്ന ട്രെയിനിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഹൗറ-ബാർബിൽ ജൻ ശതാബ്ദി എക്‌സ്പ്രസിൽ ഖർസവാൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാജ്ഖർസവാൻ, മഹാലിമരുപ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒന്നര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഓടുന്ന ട്രെയിനിൽ നിന്ന് ഇവർ പുറത്തേക്ക് എറിഞ്ഞത്. മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ ശ്രമിച്ചപ്പോൾ സഹയാത്രക്കാർ തടഞ്ഞു. തുടർന്ന് ഇവരെ റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറി. ഖർസവാൻ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ഗൗരവ് കുമാർ പിടിഐയോട് പറഞ്ഞു.
പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീൻ എന്നയാൾക്കൊപ്പമാണ് ഇവർ 4 വർഷമായി താമസിച്ചിരുന്നത്. എന്നാൽ പശ്ചിമ സിംഗ്ഭുമിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർത്താവ് നിർബന്ധിച്ചതിന് പിന്നാലെ ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.