തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സഖ്യമാറ്റത്തെയും വിജയ്‍യുടെ ടി.വി.കെ സർക്കാരിന് കോൺഗ്രസ് നൽകിയ പിന്തുണയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തോടുള്ള അത്യാർത്തി മൂലം പതിറ്റാണ്ടുകളായുള്ള സൗഹൃദം കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. മുപ്പത് വർഷത്തോളം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ഡി.എം.കെയെ രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം കോൺഗ്രസ് കൈവിട്ടു. അധികാരത്തിന് വേണ്ടി ആരെയും പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്ന് മോദി എക്സിൽ കുറിച്ചു.


അധികാരമില്ലാതെ നിലനിൽപ്പില്ലാത്ത കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ സഖ്യകക്ഷിയെ ചതിച്ചു. നിലനിൽപ്പിനായി മറ്റൊരു പാർട്ടിയെ (ടി.വി.കെ) ആശ്രയിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ്. 2014-ന് മുമ്പുള്ള പത്ത് വർഷത്തെ യു.പി.എ സർക്കാർ പ്രധാനമായും നിലനിന്നത് ഡി.എം.കെയുടെ പിന്തുണയിലായിരുന്നു. അത്രയും വലിയ സഹായം നൽകിയവരെയാണ് കോൺഗ്രസ് ഇപ്പോൾ തഴഞ്ഞത്. “അധികാരത്തോടുള്ള അത്യാർത്തി മൂലം, അധികാരം കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തി. രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയെ കൂടി കോൺഗ്രസിന് ആവശ്യമായി വന്നിരിക്കുകയാണ്,” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഭരണകക്ഷിയായ ഡി.എം.കെയെയും ‘ഇന്ത്യ’ മുന്നണിയെയും അമ്പരപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് വിജയ്‌യുടെ ടി.വി.കെയെ പിന്തുണയ്ക്കാനും ഭരണത്തിൽ പങ്കാളികളാകാനും തീരുമാനിച്ചത്. വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.