നാട്ടികയിലെ ‘മീൻപിടുത്തക്കാരന്റെ’ ലഹരിയിടപാട്…. ഒരാൾ കൂടി പോലീസ് വലയിൽ…. റിമാൻഡിലായത്…..


തൃശൂർ: നാട്ടികയിൽ ആറര കിലോ കഞ്ചാവും വടിവാളുകളടക്കമുള്ള ആയുധങ്ങളും കണ്ടെടുത്ത സംഭവത്തിൽ വലപ്പാട് കഴിമ്പ്രം തൊട്ടാരത്ത് വീട്ടിൽ നന്ദുകൃഷ്ണയെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാർച്ച് ഒൻപതിനാണ് മീൻപിടുത്തക്കാരൻ എന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിയിരുന്ന വിഷ്ണുവിനെ പോലീസ് പിടികൂടുന്നത്. ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് ആറര കിലോ കഞ്ചാവും അഞ്ച് വടിവാളുകൾ, എയർഗൺ, കത്തി, ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തിരുന്നു. തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന മട്ടിൽ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് ലഹരിമരുന്ന് കൈമാറുന്നതായിരുന്നു ഇവരുടെ തന്ത്രം.

വിഷ്ണുവിന് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന മുഹമ്മദ് ഷെജിയെ മാർച്ച് 14-ന് പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നന്ദുകൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് ടീമും വലപ്പാട് പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

أحدث أقدم