
ബെംഗളൂരു: നഴ്‌സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ ബെംഗളൂരു ബിടിഎൽ കോളജിൽ സംഘർഷാവസ്ഥ. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ അനുവദിക്കാത്തതിലും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിയതിലും പ്രതിഷേധിച്ചാണ് സഹപാഠികൾ രംഗത്തെത്തിയത്. അധ്യാപകന്റെ പീഡനമാണ് മരണത്തിന് കാരണമെന്നും ഇയാൾക്കെതിരെ നടപടി വേണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാൻ മാത്രമാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ മാനേജ്‌മെന്റുമായുള്ള ചർച്ച പരസ്യമായി വേണമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ആദിത്യൻ ഒറ്റപ്പെടൽ മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധ്യാപകർ ആദിത്യനെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആദിത്യൻ നൽകിയ പരാതികൾ അവഗണിക്കപ്പെട്ടുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു.