പിണറായിസത്തിന് അന്ത്യം കുറിച്ച്‌ യുഡിഎഫ് സുനാമി; കണ്ണൂരിനെ നടുക്കി ഇടത് കോട്ടകൾ തകരുന്നു, സിപിഎം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയനീയ പരാജയം





2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോൾ യുഡിഎഫിന്റെ വമ്പിച്ച പടയോട്ടം തുടരുകയാണ്. ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കും ജനം നല്‍കിയ പ്രഹരമായി വോട്ടെണ്ണല്‍ ഫലങ്ങള്‍ മാറുന്നു. എൽഡിഎഫിന്റെ ഇളകാത്ത കോട്ടകൾ പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇളകി തുടങ്ങി. അപ്രതീക്ഷിതമായി വീശിയടിച്ച യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫ് ആകെ തളരുകയാണ്. എൽഡിഎഫ് കോട്ടകൾ തകരുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ ധർമ്മടം കൂടിയാണ്. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ നേരിട്ട തിരിച്ചടി എൽഡിഎഫിനെ ആകെ ഉലച്ചിരിക്കുകയാണ്. നിലവിൽ ലീഡ് നേടിയെങ്കിലും ധർമ്മടത്ത് പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടി തന്നെയാണ്.തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശങ്ങളും ജനങ്ങളോടുള്ള വെല്ലുവിളികളും എല്‍ഡിഎഫിനെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. പ്രചാരണത്തിനിടെ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘വീട്ടില്‍ പോയി ചോദിക്കൂ’ എന്ന മുഖ്യമന്ത്രിയുടെ പരിഹാസരൂപേണയുള്ള മറുപടി വോട്ടര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പ്രകോപിപ്പിച്ചു. സാധാരണക്കാരന്റെ പരാതികളെ പുച്ഛിച്ചുതള്ളുന്ന ഭരണാധികാരിയുടെ ഈ ശൈലിക്ക് ബാലറ്റിലൂടെ ജനം മറുപടി നല്‍കി.

ന്യൂനപക്ഷ വോട്ടുകളുടെ അസാധാരണമായ ഏകീകരണമാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. സര്‍ക്കാരിന്റെ ഇരട്ടത്താപ്പുകളില്‍ പ്രതിഷേധിച്ച്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിന് പിന്നില്‍ അണിനിരന്നു. ഒപ്പം, വിശ്വാസികളെ മുറിപ്പെടുത്തിയ ശബരിമല വിവാദം വീണ്ടും ആളിക്കത്തിയത് ഹൈന്ദവ വോട്ടുകളിലും വിള്ളലുണ്ടാക്കി. ആചാര സംരക്ഷണത്തിനായി പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങളെ ജനം നെഞ്ചേറ്റിയെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.സിപിഎം ആവിഷ്‌കരിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം പാളിയപ്പോള്‍, യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനം ഫലം കണ്ടു എന്ന് തന്നെ പറയാം. അഴിമതിയും ധൂര്‍ത്തും പ്രധാന ചര്‍ച്ചാ വിഷയമാക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചു. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ശൈലിക്കെതിരെയുള്ള വിധിയെഴുത്തു കൂടിയായി ഇത് മാറി. യുഡിഎഫ് നേതൃത്വത്തിന്റെ ഐക്യവും രാഹുല്‍ ഗാന്ധിയുടെ സ്വാധീനവും വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
Previous Post Next Post