തലയില്‍ സ്വര്‍ണത്തലമുടി, 'ട്രംപ്' ലുക്ക്; ബംഗ്ലാദേശി എരുമയ്ക്ക് പെരുന്നാൾ ബലിയിൽ നിന്ന് രക്ഷ,



തലയിലെ സവിശേഷമായ സ്വർണനിറത്തിലുള്ള മുടി കാരണം 'ഡോണൾഡ് ട്രംപ്' എന്ന് വിളിപ്പേര് വീണ ബംഗ്ലാദേശിലെ ഒരു അപൂർവ ആൽബിനോ എരുമയെ ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) ബലിയിൽ നിന്ന് രക്ഷപെടുത്തി. അവസാന നിമിഷത്തിൽ സർക്കാർ ഇടപെട്ടാണ് ഇതിനെ രക്ഷപെടുത്തിയതെന്നാണ് വിവരം.
ആചാരപരമായ ബലികർമങ്ങൾക്കായി ഏതാണ്ട് 700 കിലോഗ്രാം (1,543 പൗണ്ട്) തൂക്കമുള്ള ഈ മൃഗത്തെ ഇതിനകം തന്നെ വിറ്റിരുന്നു.

എന്നാൽ വ്യാഴാഴ്ചത്തെ പെരുന്നാളിന് മുന്നോടിയായി പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ വൻ താൽപര്യവും ജനത്തിരക്കും കണക്കിലെടുത്ത്, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അധികൃതർ ഇടപെടുകയായിരുന്നു.
എരുമയെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കാനും, വാങ്ങിയയാൾക്ക് പണം തിരികെ നൽകാനും, മൃഗത്തെ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റാനും ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് ഉത്തരവിട്ടു. 'സുരക്ഷാ ആശങ്കകളും പൊതുജനങ്ങൾക്കിടയിലുണ്ടായ അസാധാരണമായ താൽപര്യവും കാരണം, അവസാന നിമിഷത്തിലാണ് എരുമയെ ബലിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന്' മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.


പെരുന്നാൾ കച്ചവടത്തിനിടക്കാണ് ഈ അപൂർവയിനം എരുമയുടെ വിഡിയോകൾ വൈറലാകുന്നത്. സ്വർണനിറത്തിലുള്ള മുൻമുടിയും ശാന്തമായ സ്വഭാവവുമാണ് ആളുകളെ കൂടുതൽ ആകർഷിച്ചത്. എരുമയെ കാണാനായി ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഫാമിലേക്ക് ഒഴുകിയെത്തി. അമേരിക്കൻ പ്രസിഡന്റുമായുള്ള സാദൃശ്യം കണ്ടാണ് തന്റെ അനിയൻ എരുമയ്ക്ക് ട്രംപ് എന്ന പേരിട്ടതെന്ന് ഫാം ഉടമ സിയാവുദ്ദീൻ മൃദ പറഞ്ഞു

.ബംഗ്ലാദേശിൽ സാധാരണയായി കന്നുകാലികൾക്ക് കറുത്ത നിറമാണുള്ളത്. ആൽബിനോ എരുമകൾ വളരെ അപൂർവമാണ്. ഇത് പെരുന്നാൾ വിപണിയിൽ ഇതിനെ വേറിട്ടു നിർത്തുകയും ചെയ്തു.
أحدث أقدم