സഹോദരന്റെ സുഹൃത്ത് കാറിൽ തട്ടിക്കൊണ്ടുപോയി…. തിരുച്ചിറപ്പള്ളിയിൽ 14 കാരിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം


തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പതിനാല് വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നൽകി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ക്രൂരപീഡനത്തിന് ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിന് സമീപത്തുനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ മാരിശെൽവം എന്നയാൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ വെച്ച് പെൺകുട്ടിക്ക് ലഹരി കലർന്ന പാനീയം നൽകി അബോധാവസ്ഥയിലാക്കി.

തുടർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ വിജനമായ സ്ഥലത്തെത്തിക്കുകയും, അവിടെ കാത്തുനിന്ന മറ്റുചിലർ കൂടി ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഉപദ്രവത്തിന് ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായ കുട്ടിയെ പ്രതികൾ കാറിൽനിന്ന് റോഡിലേക്ക് പുറത്തേക്ക് എറിയുകയായിരുന്നു. വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയിൽ പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്കെതിരെ നടന്ന അതിക്രമത്തിൽ ഒന്നിലധികം ആളുകളുണ്ടായിരുന്നതായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിന് പിന്നാലെ മുഖ്യപ്രതിയായ മാരിശെൽവത്തെ നാട്ടുകാർ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ ഇയാൾ നിലവിൽ പോലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഒളിവിലുള്ള മറ്റുള്ളവരെയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തിരുച്ചിറപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ചു. കടുത്ത ജനരോഷം ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

Previous Post Next Post