
ഹരിപ്പാട്: ഭിക്ഷാടന സംഘത്തിന്റെ ക്രൂരമായ പീഡനങ്ങളിൽ നിന്നും മർദ്ദനങ്ങളിൽ നിന്നും രക്ഷപ്പെട്ട പതിനാലുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജ (14) എന്ന കുട്ടിയാണ് ഭിക്ഷാടന മാഫിയയുടെ കരിനിഴലിൽ നിന്നും അതിസാഹസികമായി ഓടി രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടിയെ കണ്ട നാട്ടുകാർ ഹരിപ്പാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം കുട്ടിയെ സെന്റ് തോമസ് ബാലികാ ഭവനിലേക്ക് താൽക്കാലികമായി മാറ്റിയിരിക്കുകയാണ്.
അമ്മയുടെ മരണശേഷം പിതാവ് രണ്ടാമത് വിവാഹം കഴിച്ചതോടെ മഹാരാജയും അനിയൻ ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഹരിപ്പാട്ട് കുട നന്നാക്കുന്ന ജോലി ചെയ്യുന്ന ഇവരുടെ ചിറ്റപ്പനായ അന്തോണി, ഒരു മാസം മുൻപ് കുട്ടികളെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഒരു ഭിക്ഷാടന സംഘത്തോടൊപ്പം ചേർന്ന് കുട്ടികളെക്കൊണ്ട് നിർബന്ധിത ഭിക്ഷാടനം നടത്തിക്കുകയായിരുന്നു ഇയാളുടെ രീതി. ദിവസവും രാവിലെ കുട്ടികളെ ഭിക്ഷാടനത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിടും. ഉച്ചയ്ക്ക് സന്നദ്ധ സംഘടനകൾ നൽകുന്ന സൗജന്യ ഭക്ഷണം വാങ്ങി നൽകിയ ശേഷം ഉച്ചകഴിഞ്ഞും ഭിക്ഷാടനം തുടരും.
ഒരു ദിവസം ഒരു കുട്ടിയ്ക്ക് 1500 രൂപയാണ് അന്തോണി നൽകിയിരുന്ന ‘ടാർഗറ്റ്’. ദിവസേനയുള്ള വരുമാനം 1000 രൂപയിൽ താഴെയായാൽ കുട്ടികളുടെ തലയ്ക്ക് പുറകിലായി അന്തോണി മാരകമായ രീതിയിൽ മർദ്ദിക്കുമായിരുന്നു. ഈ ക്രൂരത സഹിക്കാനാവാതെയാണ് മഹാരാജ സംഘത്തിൽ നിന്നും ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
മഹാരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് അനിയൻ ചിലമ്പരശനെയും ചിറ്റപ്പൻ അന്തോണിയെയും കണ്ടെത്താനായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി രക്ഷപ്പെട്ട വിവരമറിഞ്ഞ് ഇവർ ഹരിപ്പാട് നിന്നും മുങ്ങിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ ഭിക്ഷാടന മാഫിയയുടെ വേരുകൾ ശക്തമാണെന്നും കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ചൂഷണങ്ങൾക്ക് അറുതിവരുത്താൻ പൊലീസിന്റെയും ചൈൽഡ് ലൈന്റെയും ശക്തമായ അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.