
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. ജനൽ വഴി പുറത്തെറിഞ്ഞ തന്റെ പെൺകുഞ്ഞിനെ തനിക്ക് തന്നെ തിരികെ വേണമെന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കുഞ്ഞിനെ സംരക്ഷണത്തിനായി ഏറ്റെടുക്കാൻ സി.ഡബ്ല്യു.സി അധികൃതർ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയത്.
പ്രസവിച്ച ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ തനിക്ക് വേണ്ട എന്ന കർശന നിലപാടിലായിരുന്നു ഈ പെൺകുട്ടി. പ്രസവിച്ച ഉടൻ ക്രൂരമായി കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിട്ടയക്കുന്നതിൽ വലിയ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളുണ്ടെന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കി. ഇതേത്തുടർന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താത്കാലിക സംരക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ ചൈൽഡ് ലൈൻ കൗൺസിലർമാരോട് ഒട്ടും സഹകരിക്കാതിരുന്ന പെൺകുട്ടി, തുടർച്ചയായ കൗൺസലിംഗിന് ഒടുവിലാണ് കാര്യങ്ങൾ വിശദമായി സംസാരിക്കാനും കുഞ്ഞിനെ വേണമെന്ന നിലപാടിലേക്ക് എത്താനും തയ്യാറായത്. താൻ ഗർഭിണിയാണെന്ന കാര്യം പ്രസവിക്കുന്നത് വരെ അറിഞ്ഞിരുന്നില്ല എന്നാണ് പെൺകുട്ടി സി.ഡബ്ല്യു.സിക്ക് നൽകിയ ആദ്യ മൊഴി. എന്നാൽ മാനഹാനി ഭയന്ന് കുഞ്ഞിനെ മനഃപൂർവ്വം കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന നിഗമനത്തിൽ പോലീസ് പെൺകുട്ടിക്കെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്തിട്ടുണ്ട്.
എറണാകുളത്ത് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ഈ പത്തൊൻപതുകാരി. അവിടെ വെച്ച് പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനായ ഒരു യുവാവുമായി ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്ത കാലത്തായി ഈ യുവാവുമായി യാതൊരു ബന്ധവുമില്ലെന്നും, താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് യുവതി അധികൃതരോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയ് 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടർന്ന് ഹരിപ്പാട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ വെച്ച് പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ശുചിമുറിയുടെ ജനൽ വഴി പുറത്തെ കാട്ടുപൊന്തയിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരക്കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. അമ്മയുടെ മനംമാറ്റമുണ്ടായെങ്കിലും വധശ്രമക്കേസ് നിലനിൽക്കുന്നതിനാൽ നിയമപരമായ വലിയ കടമ്പകൾക്ക് ശേഷമേ കുഞ്ഞിനെ വിട്ടുകിട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകൂ.