
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ് യു.ജി’ (NEET-UG) പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). വിദ്യാർത്ഥികൾക്ക് ആശ്വാസമായി പരീക്ഷാ സമയം 15 മിനിറ്റ് കൂടി വർദ്ധിപ്പിച്ചു. ഇതോടെ ആകെ പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) ഉയരും.
മുമ്പ് 180 മിനിറ്റായിരുന്ന പരീക്ഷാ ദൈർഘ്യമാണ് എൻ.ടി.എ പുതുക്കിയത്. പുതുക്കിയ സമയക്രമമനുസരിച്ച് ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5:15-ന് അവസാനിക്കും.റഫ് വർക്കിനായി കൂടുതൽ പേജുകൾ; ചോദ്യപേപ്പറിലും മാറ്റം
വിദ്യാർത്ഥികൾക്ക് കണക്കുകൂട്ടലുകൾ നടത്തുന്നതിനും ഡയഗ്രം വരയ്ക്കുന്നതിനും സൗകര്യപ്രദമായ രീതിയിൽ ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ കൂടുതൽ ‘റഫ് സ്പേസ്’ (Rough Space) അനുവദിക്കുമെന്നും എൻ.ടി.എ അറിയിച്ചു.
രണ്ട് അധിക പേജുകൾ: റഫ് വർക്കുകൾക്കായി രണ്ട് പേജുകൾ അധികമായി ഉൾപ്പെടുത്തും.
ക്രമീകരണം: രണ്ട് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്തും, മറ്റ് രണ്ട് പേജുകൾ നിർദ്ദേശങ്ങൾ അടങ്ങിയ ആദ്യ പേജിന് സമീപവുമായിരിക്കും ക്രമീകരിക്കുക.
പ്രാദേശിക ഭാഷകൾക്കും ബാധകം: ഇംഗ്ലീഷ് ചോദ്യപേപ്പറിന് പുറമെ പ്രാദേശിക ഭാഷകളിലുള്ള ചോദ്യപേപ്പറുകളിലും ഈ മാറ്റം ഉണ്ടാകും. മുൻവർഷങ്ങളിൽ ബുക്ക്‌ലെറ്റിന്റെ ഏറ്റവും ഒടുവിൽ മാത്രമായിരുന്നു റഫ് പേജുകൾ നൽകിയിരുന്നത്.
വിദ്യാർത്ഥികളുടെ പരീക്ഷാ അന്തരീക്ഷം കൂടുതൽ സുഗമമാക്കുന്നതിനാണ് ഈ മാറ്റങ്ങളെന്നും, ബുക്ക്‌ലെറ്റിലെ നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾ കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്നും എൻ.ടി.എ വ്യക്തമാക്കി.
പശ്ചാത്തലം: ചോദ്യപേപ്പർ ചോർച്ചയും സി.ബി.ഐ അന്വേഷണവും
മേയ് 2-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് പുനഃപരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനിച്ചത്. രാജ്യവ്യാപകമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ മേയ് 12-നാണ് റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ 13 പേർ അറസ്റ്റിലായിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല സി.ബി.ഐക്കാണ്.