തൃശൂരിലും ഷിഗെല്ല…. 2 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു…


തൃശൂർ: കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നാലെ തൃശൂർ ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടികളെ നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 7 പേർക്ക്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇന്നലെ സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഗെല്ലയ്ക്ക് പുറമെ മറ്റ് മാരകമായ പകർച്ചവ്യാധികളും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്.

Geographic Reference

ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളാണ് വിവിധ ജില്ലകളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 56 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും ഇന്നലെ സ്ഥിരീകരിച്ചു. 24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കൊതുക് വഴി പകരുന്ന മാരകമായ ‘വെസ്റ്റ് നൈൽ പനി’യും വലിയ രീതിയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ മാത്രം ആറു പേർക്കാണ് സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികൾ ഒന്നിച്ച് പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

أحدث أقدم