വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം… കണ്ടക്ടറുടെ ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു


തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ ക്രൂരത കാണിച്ച സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. ബസ് കണ്ടക്ടറായ രാമദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് ആർടിഒ നടപടി സ്വീകരിച്ചത്. ലൈസൻസ് സസ്‌പെൻഡ് ചെയ്തതിന് പുറമേ ഇയാൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസും നൽകും.

വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വെച്ച് സ്വകാര്യ ബസിൽ കയറാൻ കണ്ടക്ടറോട് കൈകൂപ്പി യാചിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. ബസ് സ്റ്റാൻഡിൽ കാത്തുനിന്ന വിദ്യാർത്ഥികളിൽ നാല് പേരെ മാത്രം ബസിൽ കയറ്റിയ ശേഷം ബാക്കി കുട്ടികൾ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാൻ വിസമ്മതിച്ച് ബസ് യാത്ര തുടരുകയായിരുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള സർക്കാരിന്റെ പുതിയ ‘പ്രിയദർശിനി’ പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്നതെന്ന ശക്തമായ ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരിയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമായി കരുതുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് വ്യക്തമാക്കി. സ്ത്രീകൾക്ക് സൗജന്യം നൽകുന്ന സർക്കാർ, വിദ്യാർത്ഥികളുടെ യാത്രാ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കൃത്യമായ നിയമനിർമ്മാണവും അതിന്റെ പാലനവും ഉറപ്പാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

أحدث أقدم