കോട്ടയം: വാകത്താനം വെട്ടിക്കലുങ്കിൽ കടയുടമയായ സ്ത്രീയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു അനിൽകുമാറാണ് പിടിയിലായത്. മെയ് 25-ന് രാവിലെ മാടക്കട നടത്തുന്ന ലീലാമ്മ രാജുവിൻ്റെ മാലയാണ് ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ പ്രതി പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. സംഭവത്തെ തുടർന്ന് വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഇരുപത് വർഷമായി ഭർത്താവ് രാജുവിനൊപ്പം മാടക്കട നടത്തി ഉപജീവനം നടത്തിയ ലീലാമ്മയുടെ കുടുംബത്തിൻ്റെ പ്രധാന സമ്പാദ്യമായിരുന്നു നഷ്ടപ്പെട്ട മാല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക അന്വേഷണം നടത്തുകയും പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തു.
ഐ.പി.എസ്.എച്ച്.ഒ ജിൻസൺ ഡൊമിനിക്കിൻ്റെ നേതൃത്വത്തിൽ സി.പി.ഒ ജോജി സെബാസ്റ്റ്യൻ, സി.പി.ഒ അനീഷ് ചന്ദ്രൻ വി.സി. എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. വാകത്താനം, ചിങ്ങവനം, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥാപനങ്ങളിൽ നിന്നടക്കം 55-ഓളം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. മെയ് 31-ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത് ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് പ്രതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്ത കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന വിഷ്ണു അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ മാലപറിക്കൽ കേസിലെ പങ്ക് സമ്മതിച്ചതോടൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്‌കൂട്ടർ മോഷണക്കേസിലും പ്രതിയാണെന്ന് വ്യക്തമായി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി വാഹനമോഷണക്കേസുകൾ നിലവിലുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.