അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ 600 കോടിയുടെ ഹവാല ഇടപാട്…. പൊന്നാനി സ്വദേശികളായ സഹോദരന്മാർക്കെതിരെ ഡിജിപിക്ക് പരാതി





തിരുവനന്തപുരം: സംസ്ഥാനത്ത് അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ഹവാല ഇടപാട് നടക്കുന്നതായി കണ്ടെത്തൽ. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന ഈ വൻ തട്ടിപ്പിന് പിന്നിൽ പൊന്നാനി സ്വദേശികളായ മുഹമ്മദ് ജമീൽ, അബ്ദുള്ള ജാസിം എന്നീ സഹോദരങ്ങളാണെന്നാണ് വിവരം. തട്ടിപ്പിനിരയായ മലപ്പുറത്തെ അടയ്ക്കാ വ്യാപാരികൾ ഇവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വെറും രണ്ട് വർഷത്തിനിടെ 600 കോടി രൂപയുടെ ഹവാല ഇടപാടാണ് ഈ സഹോദരങ്ങൾ നടത്തിയത്. പരാതിക്കാരായ വ്യാപാരികളുടെ വെറും നാല് ബാങ്ക് അക്കൗണ്ടുകൾ മാത്രം ഉപയോഗിച്ചാണ് ഇത്രയും വലിയ തുകയുടെ കള്ളപ്പണം വെളുപ്പിച്ചത്. തട്ടിപ്പിന്റെ ബാങ്ക് അക്കൗണ്ട് രേഖകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശ് പൊലീസ് നടത്തിയ ഒരു അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്. യുപിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ദുരൂഹമായ ഒരു അക്കൗണ്ടിൽ നിന്നും കേരളത്തിലെ ഒരു അടയ്ക്കാ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി യുപി പൊലീസ് കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്യാനായി വ്യാപാരിയെ വിളിപ്പിച്ചപ്പോഴാണ് തങ്ങൾ വലിയൊരു ചതിക്കുഴിയിൽ വീണ വിവരം വ്യാപാരികൾ അറിയുന്നത്.

ജമീലും ജാസിമും ചേർന്ന് സുഹൃത്തുക്കളായ അടയ്ക്കാ വ്യാപാരികളുമായി ചേർന്ന് വലിയ ബിസിനസ്സ് നടത്താമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളാണെന്ന വിശ്വാസത്തിൽ വ്യാപാരികൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇവർക്ക് കൈമാറി. എന്നാൽ വ്യാപാരികൾ നാട്ടിൽ ചെറിയ രീതിയിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന സമയത്ത്, പ്രതികൾ ഈ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് കോടികളുടെ കള്ളപ്പണമാണ് വെളുപ്പിച്ചത്. സംഭവത്തിൽ കേരള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കണ്ണൂർ എസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര അന്വേഷണ ഏജൻസികൾക്കും അടയ്ക്കാ വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

أحدث أقدم