
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിലായ സിപിഎം പ്രവർത്തകന്റെ വീടിന്റെ ഫോട്ടോ ചർച്ചയാകുന്നു. മുൻ മന്ത്രി വി.ശിവൻകുട്ടി റിമാൻഡിലായവരുടെ വീട് സന്ദർശിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് വീടിന്റെ ഫോട്ടോയെന്നും നേതാക്കളുടെ മക്കളെല്ലാം സുരക്ഷിതരാണെന്നുമുള്ള കമന്റുകൾ വന്നത്.
”വീടിന്റെ ഉൾവശം കാണുമ്പോൾ അറിയാം പാവപ്പെട്ട കുട്ടികളെ ജയിലിൽ ആക്കിയിട്ട് നേതാക്കൾ കറങ്ങി നടക്കുവാ…” എന്നാണ് ഒരു കമന്റ്. ”പൊലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതികളെ പുറത്തിറക്കി കൊണ്ടുവരുന്നത് പോലെയല്ല ഇഡി കേസിൽ ജയിലിലാകുന്നത്. കലാപത്തിന് ആഹ്വാനം ചെയ്ത് സഖാക്കളെ ഇളക്കിവിട്ട നേതാക്കൾക്കോ അവരുടെ മക്കൾക്കോ ഒരു ചുക്കും വരാനില്ല”- എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. കേസിൽ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ആസൂത്രിതമായ രാഷ്ട്രീയ ആക്രമണമാണ് നടന്നതെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്