
താമരശ്ശേരി: താമരശ്ശേരിയിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ്, ദിൻഷാദ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ പരിക്കേറ്റ ബാലുശ്ശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32), സുഹൃത്ത് പ്രജീഷ് (46) എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മർദ്ദനമേറ്റ വിഷ്ണുവും പ്രതികളിൽ ഒരാളായ ഫഹദും നേരത്തെ പരിചയക്കാരാണ്. മുമ്പ് ഇവർ ഒരുമിച്ച് മദ്യപിച്ച സമയത്ത് ഫഹദിന്റെ മൊബൈൽ ഫോൺ കാണാതായിരുന്നു. ഈ ഫോൺ വിഷ്ണു എടുത്തതാണെന്നായിരുന്നു ഫഹദിന്റെ ആരോപണം. തിങ്കളാഴ്ച വൈകുന്നേരം ബാറിൽ വെച്ച് വിഷ്ണുവിനെ നേരിൽ കണ്ടപ്പോൾ ഫഹദ് ഇതേക്കുറിച്ച് ചോദിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. തർക്കം മൂത്തതോടെ ഫഹദും സുഹൃത്തുക്കളും ചേർന്ന് വിഷ്ണുവിനെയും പ്രജീഷിനെയും ഇടിക്കട്ട കൊണ്ടും കൈകൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബാറിലുണ്ടായ സംഘർഷം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, മെഡിക്കൽ പരിശോധനയ്ക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ശാന്തരായില്ലെന്നും, ആശുപത്രിക്കുള്ളിൽ ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ അക്രമം, പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.