സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്… മന്ത്രിമാരുടെ ഓഫീസുകളിലും നിയന്ത്രണം


സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണം ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു. വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അറിയിപ്പില്ലാതെ സർക്കാർ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി.

ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശുപാർശ കത്ത് ഇല്ലാതെ ഒരു മാധ്യമപ്രവർത്തകനെയും അകത്തു കടത്തിവിടേണ്ടതില്ലെന്നാണ് കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും ലഭിച്ചിരിക്കുന്ന കർശന നിർദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള അതീവ നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിനാണ് ഈ കാർഡുകൾ അനുവദിക്കുന്നത്. എന്നാൽ ഈ ഔദ്യോഗിക കാർഡുമായി എത്തുന്നവരെയാണ് ഇപ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുന്നത്.പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്നാണ് പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കിൽ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോൺ കോൾ വഴിയോ മാത്രമേ പൊതുജനങ്ങൾക്ക് അകത്ത് കടക്കാൻ സാധിക്കൂ. പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്. മുൻ സർക്കാർ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ വലിയ രീതിയിൽ വിമർശനം ഉന്നയിച്ചവരായിരുന്നു അന്നത്തെ പ്രതിപക്ഷം. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും ഈ നിയന്ത്രണങ്ങൾ തുടരുക മാത്രമല്ല, കൂടുതൽ കർശനമാക്കുക കൂടിയാണ് ചെയ്യുന്നത്.


സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടമായ നോർത്ത് ഗേറ്റും ബാരിക്കേഡുകൾ ഉപയോഗിച്ച് സുരക്ഷാ ജീവനക്കാർ പൂർണ്ണമായി അടച്ചിരിക്കുകയാണ്. നിരന്തരം രാഷ്ട്രീയ സമരങ്ങൾ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാർഗമായതിനാലും ‘സമരഗേറ്റ്’ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ ഗേറ്റ് അടച്ചതോടെ ആളുകൾ മറ്റ് ഗേറ്റുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന ആക്ഷേപം ഇതിനോടകം ശക്തമായിട്ടുണ്ട്

Previous Post Next Post