
ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ വിമർശനവുമായി കെ കെ ശൈലജ. മന്ത്രിയുടെ അതേ ഭാഷയിൽ പ്രതികരണം നടത്താനില്ലെന്ന് വ്യക്തമാക്കിയ കെ കെ ശൈലജ പക്ഷെ നിപയെ നിസാരവത്കരിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യണം. മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്യണം എന്ന് പറയുന്നത് വെറുതെയല്ല. ഉദ്യോഗസ്ഥന്മാരിൽ പല അഭിപ്രായവുമുണ്ടാകും. അഭിപ്രായ സമന്വയത്തിന് മന്ത്രിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു.
പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുന്നത് മന്ത്രിയായാൽ ബാധകമല്ലെന്ന് പറയുന്നത് ശരിയല്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. ശാസ്ത്രീയമായി കാര്യങ്ങൾ പറയുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ റീനയുടെ സ്ഥലം മാറ്റത്തിലും കെ കെ ശൈലജ പ്രതികരിച്ചു. സ്ഥലം മാറ്റാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും സാഹചര്യം പരിഗണിക്കണം. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സമയത്തുള്ള സ്ഥലംമാറ്റം പ്രശ്നങ്ങൾ ഉണ്ടാക്കും. മന്ത്രിക്കും വകുപ്പിനും തന്നെയാണ് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു