ആശുപത്രിയുടെ അഞ്ചാം നിലയിലെ ഐസിയുവിൽ നിന്നാണ് തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു. പിന്നാലെ കെട്ടിടത്തിനുള്ളിൽ കനത്ത പുകയും വ്യാപിച്ചതോടെ രോഗികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം അടിയന്തരമായി ആരംഭിച്ചു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. വൈദ്യുത ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.
സംഭവത്തിൽ 20-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്. ഇതിനിടെ ചിലരെ കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച് ആശുപത്രി അധികൃതർക്കെതിരെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തത്തിൽ 21 പേർ മരിച്ചതിന് പിന്നാലെ രാജ്യത്തെ വീണ്ടും നടുക്കുന്ന ദുരന്തവാർത്തയാണ് മുസാഫർപൂരിൽ നിന്ന് പുറത്തുവരുന്നത്.