തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം


തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ സമാന വിഷയത്തിൽ കണ്ണൂർ കോർപ്പറേഷനിലും രാഷ്ട്രീയ വിവാദം ഉയർന്നു. യുഡിഎഫിലെ 18 കൗൺസിലർമാരുടെയും എസ്ഡിപിഐയിലെ ഒരു കൗൺസിലറുടെയും സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി.

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ നൽകിയ പരാതിയിൽ, ബന്ധപ്പെട്ട കൗൺസിലർമാർ ‘അള്ളാഹുവിന്റെ നാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്തതായും, ഇത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞ’ എന്ന മാതൃകയിൽ ഉൾപ്പെടുന്നതല്ലെന്നുമാണ് വാദിക്കുന്നത്. അതിനാൽ 19 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ നിർദേശിക്കണമെന്നാണ് പരാതിയിലെ ആവശ്യം.തിരുവനന്തപുരം കോർപ്പറേഷനിലെ സമാന വിഷയത്തിൽ സ്വീകരിച്ച നടപടിയും ഹൈക്കോടതി വിധിയും കണ്ണൂരിലും ബാധകമാണെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും നിർദേശിക്കുന്ന മാതൃകയിൽ മാത്രമേ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യാവൂ. നിയമത്തിൽ പരാമർശിക്കാത്ത വാക്കുകളോ പ്രയോഗങ്ങളോ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും പരാതിയിൽ പറയുന്നു.


അതേസമയം, തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. ബലിദാനികളുടെയും പ്രാദേശിക ദൈവങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ ചെയ്തതിലൂടെ ചട്ടലംഘനം സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

Previous Post Next Post