
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റ് കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങൾ മാത്രമാണെന്ന് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് ബജറ്റ് സമ്പന്നമാണെന്ന് തോന്നിപ്പിക്കുമെങ്കിലും, 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുന്ന കേരളത്തിൽ ഇതെല്ലാം നടപ്പിലാക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് ബജറ്റിൽ യാതൊരു വ്യക്തതയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സതീശൻ സർക്കാരിന്റെ ബജറ്റിനെതിരെ രാജീവ് ചന്ദ്രശേഖർ കടുത്ത വിമർശനം ഉന്നയിച്ചത്.
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ആദ്യ ബജറ്റാണിതെങ്കിലും രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ആദ്യ ബജറ്റിൽ തന്നെ കാറ്റിൽപ്പറത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതിനായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത് വെറും 10 കോടി രൂപ മാത്രമാണ്. അതായത്, കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽ ഓരോന്നിനും വിഭജിച്ചു നൽകിയാൽ കേവലം 11 രൂപ 11 പൈസ വീതം മാത്രമേ ലഭിക്കൂ. ജനങ്ങളെയാകെ കബളിപ്പിക്കുന്ന നയമാണിത്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനവും യുവാക്കൾക്കായുള്ള അഞ്ച് ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനം മാത്രമായി ഒതുങ്ങിയെന്നും, ഒരിക്കലും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയ ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമേഖലാ സ്ഥാപനങ്ങളും ആസ്തികളും വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ഈ ബജറ്റിന്റെ മറ്റൊരു പ്രത്യേകതയെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിച്ചു. പത്ത് വർഷം മുൻപ് ‘എല്ലാം ശരിയാകും’ എന്ന കപട മുദ്രാവാക്യവുമായി അധികാരത്തിലേറിയ സിപിഎം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുതരിപ്പണമാക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ സിപിഎമ്മും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലയാളിക്ക് ആവശ്യം സാമ്പത്തിക അച്ചടക്കവും അഴിമതിയില്ലാത്ത ഭരണവും യഥാർത്ഥ വികസനവുമാണ്. ബജറ്റിലെ ഓരോ വാഗ്ദാനത്തിന്റെയും പുരോഗതി ബിജെപി സൂക്ഷ്മമായി വിലയിരുത്തുമെന്നും, ഓരോ പ്രഖ്യാപനത്തെക്കുറിച്ചും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും നേമം എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി