ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽ വ്യാപക പരിശോധന; ഒമ്പത് പേർ പിടിയിൽ


സംസ്ഥാനത്തെ ലഹരിവ്യാപനം തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ തൂഫാൻറെ ഭാഗമായുള്ള പരിശോധനയിൽ വൻ ലഹരിവേട്ട. ആലുവയിൽ പ്രവർത്തനം നിർത്തിയ കമ്പനിവളപ്പിൽ നിന്ന് പത്ത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. ഇടുക്കി പീരുമേട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 375 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെടുത്തു. പെരുമ്പാവൂരടക്കം എറണാകുളം ജില്ലയിലെ വിവിധ നഗരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഒമ്പത് പേരാണ് ഇന്ന് പൊലീസ് പിടിയിലായത്.

ആലുവ നഗരത്തിലെ പ്രവർത്തനം നിർത്തിയ കമ്പനി വളപ്പിൽ നിന്ന് പത്ത് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘങ്ങൾ കണ്ടെടുത്തത്. കാത്തായി കോട്ടൺ മിൽ വളപ്പിൽ നിന്നും ആറടി വരെ ഉയരത്തിലുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ആരാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയതെന്ന് ഉടൻ അന്വേഷിച്ച് കണ്ടെത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Previous Post Next Post