ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ പ്രതിഷേധം: മാർച്ചും ധർണയും സംഘടിപ്പിച്ചു




​പാമ്പാടി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി ഉയർന്നു. പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പാമ്പാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
​കാളച്ചന്ത ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മുദ്രാവാക്യം വിളികളുമായി പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
​സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി സി മാത്തുക്കുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എസ് സാബു, കെ എൻ വിശ്വനാഥൻ, കെ എസ് ഗിരീഷ്, വി എം പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. സാധാരണക്കാരുടെ മേൽ നിത്യവും ഭാരമേൽപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരായുള്ള ശക്തമായ താക്കീതായി പ്രതിഷേധം മാറി.

Previous Post Next Post