
കൊല്ലം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂട്ടറിലെത്തി പെൺകുട്ടികളെ കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന അജ്ഞാതനെ ഭയന്ന് നാട്ടുകാർ. കൊല്ലം റൂറൽ പൊലീസിന്റെ പരിധിയിൽ വരുന്ന മൂന്നിടങ്ങളിലാണ് ദിവസങ്ങൾക്കുള്ളിൽ സമാനമായ രീതിയിൽ പെൺകുട്ടികൾക്കു നേരെ അതിക്രമമുണ്ടായത്. ആളൊഴിഞ്ഞതും സിസിടിവി നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതുമായ സ്ഥലങ്ങൾ മുൻകൂട്ടി കണ്ടുവെച്ചാണ് പ്രതി കൃത്യം നടത്തുന്നത്.ഹെൽമറ്റും മാസ്കും ധരിച്ച് നീല സ്കൂട്ടറിലെത്തുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രതി സഞ്ചരിക്കുന്ന സ്കൂട്ടറിൽ വ്യാജ രജിസ്ട്രേഷൻ നമ്പരാണ് പതിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവ ദിവസം ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാർഥിനിയെയാണ് പ്രതി ആദ്യം ലക്ഷ്യമിട്ടത്. ഇരുവശവും മതിലുള്ള ചെറിയ റോഡിലൂടെ പെൺകുട്ടി ഒറ്റയ്ക്ക് പോകുമ്പോൾ സ്കൂട്ടറിൽ നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷം പ്രതി തിരികെ വന്ന് കടന്നുപിടിക്കുകയായിരുന്നു.ശൂരനാട് സംഭവം നടന്ന അതേ ദിവസം തന്നെ കിഴക്കേ കല്ലടയിലും സമാനരീതിയിൽ മറ്റൊരു പെൺകുട്ടിയും അതിക്രമത്തിന് ഇരയായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സൈക്കിളിൽ വരികയായിരുന്ന വിദ്യാർഥിനിയെയാണ് പ്രതി ക്രൂരമായി ആക്രമിച്ചത്.സ്കൂട്ടറിൽ പിന്നാലെയെത്തി സൈക്കിൾ ഇടിച്ചിട്ട ശേഷമായിരുന്നു ആക്രമണം. പെൺകുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് ഇയാൾ സ്കൂട്ടറോടിച്ച് കടന്നുകളഞ്ഞത്. മാല പൊട്ടിക്കാനും പ്രതി ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കേസുകൾ വർധിച്ചതോടെ ശാസ്താംകോട്ട, ശൂരനാട്, കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംശയസ്പദമായ സാഹചര്യത്തിൽ നീല സ്കൂട്ടറുകൾ കാണുന്നവർ ജാഗ്രത പാലിക്കണമെന്നും വിവരം ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.