
തിരുവനന്തപുരം: തലസ്ഥാനത്ത് ഭരണപക്ഷത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുൽ കുമാറിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുൽ കുമാർ.
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയിൽ നിന്നും രാഹുൽ കുമാറും സംഘവും പാർട്ടി അംഗത്വം സ്വീകരിച്ചു. രാഹുലിനെ കൂടാതെ അഞ്ച് പ്രമുഖ സിപിഐ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. വഴുതക്കാട് വാർഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവർത്തകരും വരും ദിവസങ്ങളിൽ ബിജെപിയിലേക്ക് വരുമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നുണ്ട്.
അതേസമയം, കാപ്പ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സുഗതനെ പാർട്ടി ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ നിയമപരമായ സംരക്ഷണവും ഒരുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തുടർച്ചയായ പാർട്ടി മാറ്റങ്ങളും കൗൺസിലറുടെ അറസ്റ്റും ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങളോടെ തിരുവനന്തപുരം നഗരസഭ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ബിജെപി നേതൃത്വം നൽകുന്നത്