
തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ രേഷ് ബാബുവിന്റെ മരണത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. രേഷ് ബാബുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജയില്‍ വകുപ്പ് മേധാവിയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതില്‍ പോലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ ഇടപെടല്‍.
സംഭവത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജയില്‍ വകുപ്പ് മേധാവിയുമായി സംസാരിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ മര്‍ദനം ഉണ്ടായിട്ടുണ്ട് എന്ന രേഖ കാണാന്‍ സാധിച്ചിട്ടില്ല. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതാണെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് – ആഭ്യന്തരമന്ത്രി വ്യക്തമാക്കി.